Thursday, 1 August 2024

Kuppandy vadyar

കുപ്പാണ്ടി വാധ്യാർ .
പുലരിയുടെ നേരത്തു തന്നെ കൈത്തറി നെയ്ത്തു തറികളുടെ താളം കേട്ടുണർന്നിരുന്ന ഗ്രാമം.. മാരിയമ്മയും പഴനിവേൽ മുരുകനും മുല്ലക്കൽ കുറുമ്പയും വാഴുന്ന ഈ ഗ്രാമം ഗതകാലത്ത് തമിഴ് പാണ്ഡിത്യങ്ങളുടെ വാഴ്വിടം കൂടിയായിരുന്നു. തോല്പാവകൂത്തിലെ കെട്ടു പാട്ടുകളിൽ പലതും (കമ്പരാമായണത്തിൽ ഇല്ലാത്ത പാട്ടുകൾ ) രചിച്ച കുഞ്ചു പുലവരെ പോലുള്ള അനേകം പേരുടെ പിറവിയിടം..നല്ല തങ്കാൾ, ഹരിഛന്ദ്ര തുടങ്ങിയ നാടകങ്ങളുടെ സ്ഥിരം വേദിയായിരുന്ന ഗ്രാമം.
തോല്പാവകൂത്തിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ കെല്പുണ്ടായിരുന്ന കുപ്പാണ്ടി വാധ്യാർ എന്ന അനുഗ്രഹീത പണ്ഡിതൻ വാണിരുന്നതും ഈ ഗ്രാമത്തിലാണ്. നാലു തലമുറകൾക്കു മുൻപ് തോൽപ്പാവകൂത്തിനു നേതൃത്വം നൽകിരുന്ന കുഞ്ചുപ്പുലവരുടെ സഹോദരി വെള്ളയമ്മാളുടെ മകനാണ് കുപ്പാണ്ടി വാധ്യാർ. വെള്ളയമ്മാളെ വിവാഹം ചെയ്തു കൊടുത്തത് തമിഴകത്തെ കൊണ്ട മുത്തൂർ എന്ന സ്ഥലത്തേക്കായിരുന്നു. ബ്രാഹ്മണ പണ്‌ഡിതുടെ ഗ്രാമം.. അവിടെ നിന്നാണ് കുപ്പാണ്ടി ശാസ്ത്രങ്ങൾ പഠിച്ചത്.. ഭർത്താവ് അകാലത്തു മരണപ്പെട്ടപ്പോൾ വെള്ളയമ്മാൾ മകൻ കുപ്പാണ്ടിയേയും കൂട്ടി പാലപ്പുറത്തെത്തി.. പാലപ്പുറത്തു അമ്മാവൻ കുഞ്ചുപ്പുലവരുടെ ആശ്രിതനായി നെയ്ത്തു പ്രവൃത്തി ചെയ്തു കഴിഞ്ഞിരുന്ന കുപ്പാണ്ടിയുടെ പാണ്ഡിത്വം വെളിപ്പെടുത്താൻ അവസരം ഉണ്ടായത് കാഞ്ഞിക്കുളം തത്രം കാവിൽ വെച്ചാണ് . അതികായപ്പെരുമയിലെ തപസ്സിനെക്കുറിച്ചുള്ള കല്‌പാത്തി വൈത്തീശ്വരൻ പട്ടരുടെ ചോദ്യത്തിനു ശരിയുത്തരം നൽകാൻ കുഞ്ചു പ്പുലവർക്കു കഴിയാതെ തിരച്ചുവന്നതറിഞ്ഞ കുപ്പാണ്ടി പിറ്റേന്നു കൂത്തിനു താനും വരാമെന്നു പറഞ്ഞു അമ്മാവനോടൊപ്പം കൂത്തിനു പോവുകയും വൈത്തീശ്വരൻ പട്ടരെ വാദത്തിൽ തോല്പിക്കുകയും ചെയ്തു.
മരുമകന്റെ കഴിവു തിരിച്ചറിഞ്ഞ കുഞ്ചുപ്പുലവർ
സ്വന്തം മകളെ കുപ്പാണ്ടിക്കു വിവാഹം ചെയ്തു കൊടുത്തു.. നിരവധി പേർക്കു തർക്കശാസ്ത്രത്തിന്റെ പാഠങ്ങൾ ഓതിക്കൊടുത്ത കുപ്പാണ്ടി വാധ്യാർ കൂത്തുപറയാൻ മാടങ്ങളിലേക്കു വരാറില്ലായിരുന്നു. എങ്കിലും പാലപ്പുറം സംഘത്തിന്റെ എല്ലാ മാടങ്ങളിലും കുപ്പാണ്ടി വാധ്യാരെ ഇപ്പോഴും വാഴ്ത്താറുണ്ട്. കാരണം തോല്പാവകൂത്തിലെ പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തി പാലപ്പുറം സംഘത്തിനു ഊക്കു നൽകിയ ഗുരു നാഥനാണ് കുപ്പാണ്ടി വാധ്യാർ.
Photo: Palappuram Village

No comments:

Post a Comment