Monday, 12 January 2026

Chinakkathur pooram.

  Chinakkuthur is famous for its different tradition and costoms.പൂരം പൂക്കുന്ന ചിനക്കത്തൂർ.
   "അയ്യയ്യോ " എന്നാർത്തട്ടഹസിച്ചു കൊണ്ട് കുതിരകളെയും, തേരിനെയും കാളകളേയും തോളേന്തി കാളിയെത്തേടിയോടുന്ന ആയിരങ്ങളെ നിങ്ങൾക്കു കാണണമോ? വരിക ചിനക്കത്തൂരിലേക്കു വരിക! മറ്റെവിടെയും കാണാനാവാത്ത ഒരു നൂറായിരം കാഴ്ചകൾ കാണാൻ ചിനക്കത്തൂരിലേക്കു വരിക.
 ചിനക്കത്തൂരിൽ പൂരം പൂക്കുക ദേവി സവിധത്തിലാണെങ്കിലും ആവേശമൊരു അതിശയ കാഴ്ചയായി മാറുക കുതിരയുടെയും തേരിൻ്റെയും പുറപ്പാടു വേളകളിലാണ്. കുംഭ വെയിലിനേയും പിന്നിലാഴ്ത്തുന്ന പൂരച്ചൂടു കാണണമെങ്കിൽ പൂരം നാൾ ഉച്ചക്ക് രണ്ടു മണിക്ക് ഒറ്റപ്പാലം എൻ.എസ്.എസ് ഹൈസ്ക്കൂൾ ഗ്രൗണ്ടിലെത്തുക. കാളിയുടെ ഭൂതഗണങ്ങളായ കരി വേഷക്കാരുടെയും പൂതൻ്റെയും തിറയുടെയും വെള്ളാട്ടിൻ്റെയും അയ്യയ്യോ വിളികളുടെയും അകമ്പടിയോടെ ചിനക്കത്തൂരിലേക്കു തോട്ടക്കര കുതിര പുറപ്പെടുന്ന കാഴ്ചയോളം ആവേശത്തിരയിളകുന്ന ഒരു കാഴ്ച ചിനക്കത്തൂരിലില്ല.
ചിനക്കത്തൂരിലേക്കുള്ള കുതിരകൾ നടക്കാറില്ല. ഓടുകയാണ് പതിവ്. അതെ ചിനക്കത്തൂർ വാഴുന്നവളുടെ സവിധം തേടി ഓടുക . ചിനക്കത്തൂരിലേക്കുള്ള കുതിര വരവിലും ചിട്ടകൾ ചാലിച്ചു ചേർത്തിട്ടുണ്ട്. പൂതൻ്റെയോ തിറയുടെയോ വെള്ളാട്ടിൻ്റെ അകമ്പടിയില്ലാതെ ഒരു കുതിരക്കും കാവുകയറാനാവില്ല. (കുമ്മാട്ടിക്കുതിരകൾ ക്ഷേത്ര സവിധത്തിൽ തന്നെ കെട്ടിയൊരുക്കുന്നതിനാൽ ഈ നിയമം ബാധകമല്ല) ഇവിടെ കുതിരകളെ ദേവിയുടെ ഭൂതഗണങ്ങൾ കാവിലേക്കു ക്ഷണിച്ചു കൊണ്ടുവരുന്നതായാണ് സങ്കല്പം. കുതിരകളെ കാവിലെത്തിച്ചാൽ ഭൂതഗണങ്ങൾ അത് ദേവിയുടെ മുന്നിൽ ചെന്നു അറിയിക്കുന്ന പതിവും ഉണ്ട്. ചിനക്കത്തൂരിൽ ഏറ്റവും കൂടുതൽ ചടങ്ങുകൾ ചാലിച്ചു ചേർക്കപ്പെട്ടിരിക്കുന്നത് കുതിരകളുമായി ബന്ധപ്പെട്ടാണ് .
തേരിൻ്റെ പുറപ്പാട് മറ്റൊരു തരത്തിലാണ്. മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരി വന്നു പൂജിച്ചു കഴിഞ്ഞാൽ ഗ്രാമനിവാസികൾ തേരിൻ്റെ യാത്രക്കു വിഘ്നം വരാതിരിക്കാർ നാളികേരം എറിഞ്ഞുടക്കുന്നത് ചടങ്ങാണ്. ഓരോ വീട്ടുകാരും നാളികേരം ഉടക്കും. ഇവിടെയും പുതൻ്റെയും തിറയുടെയും അകമ്പടിയോടെ തന്നെയാണ് തേരും കാവിലേക്കു ഓടി തുടങ്ങുക.

Wednesday, 14 May 2025

Lakkiti Railwaystation

ലെക്കിടി റെയിൽവേ സ്റ്റേഷൻ.....
'മൈസൂർ സൈന്യത്തിന്റെ കേരള പ്രവേശത്തിനു കളമൊരുക്കിയ 1757 ലെ സാമൂതിരിയുടെ പാലക്കാട് പടയോട്ടത്തിനു ശേഷം പാലക്കാട്ടിൽ മൈസൂർ സൈന്യം സ്ഥിര താവളം ഉറപ്പിച്ചു. തെക്കൻ കേരളത്തിലേക്കു പട നയിക്കാൻ പാലക്കാടു വന്നു താമസിച്ച ടിപ്പുവിന്റെ കാലത്ത് സൈന്യത്തിനു വേണ്ട വിറകു ശേഖരിച്ചിരുന്ന സ്ഥലം ലെക്കിടിയായി അറിയപ്പെട്ടു തുടങ്ങി..... പിന്നീട് ഈ സ്ഥലം പഴയ ലക്കിടിയായി മാറാൻ കാരണം നിളയോരത്ത് തെക്കുമംഗലം ഗ്രാമത്തിൽ 1905 ൽ ബ്രീട്ടിഷുകാരൻ ഒരു റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുകയും അതിനു ലൈക്കിടി റെയിൽവേ സ്റ്റേഷൻ എന്ന നാമകരണം ചെയ്തതോടെയുമാണ്... പുതിയൊരു ലെക്കിടി ഉണ്ടായതോടെ യഥാർത്ഥ ലെക്കിടി പഴയ ലക്കിടിയായി മാറി......

Friday, 9 August 2024

Balakrishnapulavar

മഠത്തൊടി ബാലകൃഷ്ണ പുലവർ .....
മാസങ്ങൾക്കു മുൻപൊരു നാൾ ഒരു പകൽ നേരത്താണ് അവർ വന്നത്. കേന്ദ്ര സംഗീത നാടക അക്കാദമിയിലെ പ്രോഗ്രാം സെക്ഷനിലെ ശ്രീമതി. സുഭസക്സേന. അവർ യഥാർത്ഥ തോല്പാവ കൂത്തിനെ തെരഞ്ഞെത്തിയതായിരുന്നു. അവരെ ഞാൻ വിളിച്ചു കൊണ്ടു പോയത് ബാലേട്ടൻ എന്നു ഞാൻ സ്നേഹപൂർവം വിളിക്കുന്ന ബാലകൃഷ്ണ പുലവരുടെ അടുത്തേക്കായിരിരുന്നു.
2000 തമിഴ് ശ്ലോകങ്ങൾ കൊണ്ടു ചിട്ടപ്പെടുത്തിയ തോൽപ്പാവ കൂത്തെന്ന കലാരൂപം 200 മണിക്കൂർ ദൈർഘ്യമുള്ള ഒരു നാടകമാണെന്നും നാടകത്തിലേതു പോലെ ശോകം, സന്തോഷം , ഹാസ്യം, ക്രോധം, തുടങ്ങിയ എല്ലാ ഭാവങ്ങളും തോൽപ്പാവകൂത്തിലുമുണ്ടെന്നു പറഞ്ഞപ്പോൾ അവർ അന്തം വിട്ടു. കാരണം ചില മുറി വൈദ്യന്മാരുടെ അര മണിക്കൂർ നീളുന്ന പാവകളിയാണ് തോൽപ്പാവകൂത്തെന്നാണ് അത്രയും കാലം അവർ ധരിച്ചിരുന്നത്.
ഓരോ ഭാവങ്ങളെയും പ്രകടിപ്പിക്കുന്ന പാട്ടുകൾ പാടി കേൾപ്പിക്കാൻ അവർ ആവശ്യപ്പെട്ടപ്പോൾ ബാലേട്ടൻ  
ഹാസ്യത്തിൽ നിന്നു തുടങ്ങി ഏറ്റവുമൊടുവിൽ പാടി കേൾപ്പിച്ചത് രാമന്റെ വരവു കാണാതെ അശോകവനിയിൽ ദുഃഖത്തെ കടിച്ചൊതുക്കാനാവാതെ കരയുന്ന സീതയുടെ വാക്കുകളായിരുന്നു.
"പൊൻ മാനെ പിടിത്ത വരപ്പോനവരിൽ ള്ളവലും പോയ് പുകിൽ കീലാതോ " : എന്നു ശോകത്തിന്റെ യഥാർത്ഥ ഭാവം ബാലേട്ടന്റെ നാവിൽ നിന്നു പിറന്നതു കാതിൽ കേട്ട അതിഥിയുടെ കണ്ണിലും ഈറൻ നിറഞ്ഞു.
ഇതാണ് ബാലകൃഷ്ണ പുലവർ : പാരമ്പര്യത്തിന്റെ പരിശുദ്ധി കാക്കുന്ന ബാലകൃഷ്ണ പുലവർ - ഇന്നു കേന്ദ്ര സംഗീത അക്കാദമിയിലെ അംഗങ്ങൾ
തോൽപ്പാവകൂത്തിന്റെ യഥാർത്ഥ ഗുരുവര്യനായി ഗണിക്കുന്നത് ബാലകൃഷ്ണ പുലവരെയാണ്. എന്തു കൊണ്ടോ കേരളത്തിലെ ചില സർക്കാർ ഏജൻസികൾ ഇന്നും കണ്ണടച്ചു ഇരുട്ടാക്കുകയാണ്.

Monday, 5 August 2024

തോൽപ്പാവകൂത്തും കൂത്തശ്ശൻ വീടും,

കൂത്തും കൂത്തശ്ശനും...
ഗതകാലത്ത് തോൽപ്പാവകൂത്തു നടത്താൻ മുണ്ടൂർ പാലക്കീഴ് കാവിൽ പോയാൽ അന്നന്നത്തെ ഭക്ഷണത്തിനുള്ള നെല്ലും പച്ചക്കറികളും അതാതു ദേശത്തു പോയി വാങ്ങിക്കുകയായിരുന്നു പതിവ്. അതുകൊണ്ടുവന്നു കുളങ്ങര വീട്ടിൽ കൊടുത്താൽ അവരാണ് കൂത്തുകാർക്കുള്ള ഭക്ഷണം പാകം ചെയ്തു തരിക. ഭക്ഷണത്തിനു വക തെരഞ്ഞു ആനപ്പാറയിലേക്കും, വാളേക്കാട്ടിലേക്കും, പൊരിയാനിയിലേക്കും പോകുന്ന വേളയിൽ കൂത്തുകാരെ കണ്ടാൽ അവിടത്തെ ഗ്രാമീണർക്കു അതിശയമായിരുന്നു. "ഇതാണ്ടേ, കൂത്തന്മാരു വന്നിരിക്കണു " എന്നു തമ്മിൽ തമ്മിൽ പറയുന്ന തോടൊപ്പം " എപ്പ് ഴാണ് കൂത്ത്, ഇന്നു ഞങ്ങണ്ട കൂത്താ" എന്നു വിനയത്തോടെ കൂത്തുകാരോടു ചോദിക്കുമായിരുന്നു മുണ്ടൂരിലെ നന്മയുടെ ഗ്രാമ മനസ്സുകൾ.. ഒരു കാലത്തു ദാരിദ്രത്തിന്റെ കെടുതിയിലായിരുന്ന മുണ്ടൂരും മാറിയിരിക്കുന്നു. എന്നാൽ പാലക്കാടൻ നന്മക്കു ഊനം തട്ടാത്ത ഗ്രാമീണരുടെ ഊരു തന്നെയാണ് ഇപ്പോഴും മുണ്ടൂർ. മുണ്ടൂരിൽ നിന്നു വ്യത്യസ്ഥമാണ് കൂത്തിന്റെ ഊരായ കുത്തനൂരിലെ രീതി. പ്രായം ചെന്നവരെ "എട്ടേ " എന്നും " അച്ചോ " എന്നും അഭിസംബോധന ചെയ്യുന്ന പാലക്കാടൻ മൊഴി മാധുര്യം തങ്ങി നിൽക്കുന്ന ദേശങ്ങളിൽ കുത്തനൂരും ഉൾപ്പെടും.. ഇവിടെ കൂത്തുകാരെല്ലാം "കൂത്തച്ചൻ "മാരായിരുന്നു..
ഏറെ ബഹുമാനത്തോടെ കൂത്തുകാരെ അച്ചന്മാരായി അഭിസംബോധന ചെയ്തിരുന്ന കുത്തനൂർ പടിഞ്ഞാറെത്തറയിൽ ഒരു വീടിന്റെ പേരു തന്നെ "കൂത്തശ്ശൻ വീട് " എന്നാണ്.
പ്രശസ്ത കൂത്തു കലാകാരനായിരുന്ന ശങ്കുണ്ണി പുലവരുടെ വീട് . ഇദ്ദേഹത്തിന്റെ മക്കളായ ഗംഗാധര പുലവരും പ്രഭാകര പുലവരും അഗാധ പാണ്ഡിത്യമുള്ള കൂത്തു കലാകാരന്മാരായിരുന്നു. ഈ വീടിന്റെ തൊട്ടടുത്താണ് തലച്ചെൽവൻ ക്ഷേത്രം. തരൂരിൽ നിന്നു പാലക്കാട്ടേക്കുള്ള പഴയ സഞ്ചാര പാതയിലുള്ള ഈ ക്ഷേത്രത്തിനു തരൂർ സ്വരൂപക്കാരായ പാലക്കാട് രാജാക്കന്മാർ സന്താനഭാഗ്യത്തിനായി ഭൂമി ചാർത്തി കൊടുത്തിരുന്നു. ഇതേ പാലക്കാട് അരചന്മാർ തന്നെയാണ് തോൽപ്പാവകൂത്തിനെ പരിപോഷിപ്പിച്ചവരും.. ഇന്നും ഞങ്ങൾ ശേഖരിവർമ്മ രാജാക്കന്മാരെ വാഴ്ത്തി പറയാറുണ്ട്.
ചിത്രം . കുത്തനൂർ കൂത്തശ്ശൻ വീട് ...
നിൽക്കുന്നത് പ്രഭാകരപുലവരുടെ സഹോദരി....

Saturday, 3 August 2024

കാർത്തികദീപം.

കാർത്തിക ദീപം..
വൃശ്ചിക മാസത്തിലെ കാർത്തിക നാളിൽ നടത്തുന്ന തൃക്കാർത്തിക ഉത്സവം കേരളത്തിൽ ദേവിയോടു ബന്ധപ്പെട്ടു നിൽക്കുന്ന ഉത്സവമാണ്. സർവേശ്വരിയായ ദേവി കാർത്ത്യായനി ദേവിയായി അവതരിച്ചത് ഈ ദിനത്തിലാണെന്ന വിശ്വാസവുമുണ്ട്. എന്നാൽ തമിഴകത്ത് കാർത്തിക ദീപം ശിവനുമായി ബന്ധപ്പെട്ട ഉത്സവമാണ്. അഗ്നിയെപ്പോലെ പ്രകാശിക്കുന്ന ശിവന്റെ നാമത്തിൽ ആഘോഷിക്കുന്ന ഈ ഉത്സവത്തിനു കൂടുതൽ പ്രാധാന്യം ഏറ്റവും പുരാതന ശിവാലയങ്ങളിൽ ഒന്നായ തിരുവണ്ണാമലയിലാണ്. തിരുവണ്ണാമല ക്ഷേത്രത്തിനു സമീപത്തുള്ള മലമുകളിൽ ജ്യോതി തെളിയിക്കുന്നതാണ് പ്രധാന ചടങ്ങ്.
നാലഞ്ചു നൂറ്റാണ്ടു മുൻപ് ചുരം താണ്ടിയെത്തി പിന്നീടു പാലപ്പുറം ഗ്രാമത്തിൽ തമ്പു പാർത്ത നെയ്ത്തുകാരായ മുതലിയാർ സമുദായക്കാരും കാർത്തിക ദീപം തെളിയിക്കുന്നത് ശിവ പ്രതീക്കു വേണ്ടിയാണ്. തിരുവണ്ണാമലയിലെ ഗിരി വലത്തെ അനുസ്മരിപ്പിക്കുന്ന ഒരു ആചാരവും ഇവിടെയുണ്ട്. പച്ചരി പൊടിച്ചു ശർക്കരയും ചേർത്തു കുഴച്ചുണ്ടാക്കിയ പച്ച മാവ് എന്ന പൂജാദ്രവ്യം ശിവനു സമർപിക്കുന്നു. പൂജ നടക്കുന്ന സമയത്ത് അരുണാചല പുരാണ വായന നടക്കുകയും എല്ലാ വീടുകളിൽ നിന്നും കൊണ്ടുവന്ന പൂജാ വസ്തുക്കളുടെ ചുറ്റിലും സ്ത്രീകൾ പ്രദക്ഷിണം നടത്തുകയും ചെയ്യും. ആണ്ടുകൾ പല നൂറുകൾ താണ്ടിയാലും ഇന്നും ഈ ആചാരം തുടർന്നു വരുന്നു. മാത്രമല്ല വിവാഹ സമയത്ത് വധുവരന്മാരെ ആശീർവ്വദിക്കാൻ ഇപ്പോഴും പാടുന്നത് അരുണാചല പുരാണത്തിലെ ശ്ലോകങ്ങൾ തന്നെയാണ്.

പാതിരിക്കുന്നത്തു മന

പാതിരിക്കുന്നത്തു മന.....
കാശ്യപ പ്രജാപതിയുടെ പത്നി കദ്രുവിൽ നിന്നാണ് സർപ്പങ്ങൾ പിറന്നതെന്നാണ് പുരാണങ്ങൾ സൂചിപ്പിക്കുന്നത്. ഭൂമിയുടെ താഴെ നാഗങ്ങൾക്കു അധിവസിക്കാൻ മാത്രമായി ഒരു ലോകമുണ്ടെന്നും വിശിഷ്ട നാഗങ്ങളുടെ മുഴുവൻ വാഴ്വിടം അതാണെന്നും ഉള്ള കഥകളും ഉണ്ട്. നാഗങ്ങളിൽ ഒന്നാമൻ ആയിരം തലയുടെ കഥയുള്ള അനന്തൻ തന്നെയാണ്. മഹാവിഷ്ണുവിന്റെ ശയ്യയായി വാഴ്ത്തപ്പെടുന്ന അനന്തനാണ് ഈ ഭൂമിയെ ചുമക്കുന്നതെന്ന കഥകളുമുണ്ട്. ഭാരതത്തിലും മറ്റു പലയിടങ്ങളിലും നാഗങ്ങൾ ആരാധ്യരാണെങ്കിലും ഏറ്റവും കൂടുതൽ സർപ്പക്കാവുകൾ ഉള്ള സ്ഥലം കേരളമാണ്. ഇതിനു പ്രധാന കാരണം ആദികാലം തൊട്ടു തന്നെ കേരളത്തിലെ ജീവിത രീതി ഭാരതത്തിലെ മറ്റു ദേശങ്ങളിൽ നിന്നു ഭിന്നമായിരുന്നു. മറ്റു ദേശങ്ങളിൽ ഗ്രാമങ്ങൾ പണിതു സമൂഹമായിട്ടായിരുന്നു ജനങ്ങൾ ജീവിച്ചിരുന്നത്. എന്നാൽ കേരളത്തിൽ ഗ്രാമങ്ങൾക്കു പകരം വേലി കെട്ടി അതിരു തിരിച്ച ഒററപ്പെട്ട വീടുകളായിരുന്നു ഗതകാലം തൊട്ടു തന്നെ. ഓരോ വീട്ടിലും സ്വന്തം കിണർ , കുളം, എന്നിവ ഉണ്ടായിരുന്നതിനാൽ പൊതുക്കിണർ , കുളം എന്നീ ആശയങ്ങൾ കേരളത്തിൽ ഇല്ലായിരുന്നു. വേലി കെട്ടി അതിരു തിരിച്ച സ്ഥലത്ത് മറ്റു ഭാഗങ്ങളിൽ നിന്നു ഭൂതപ്രേതപിശാചു ബാധകൾ കടക്കാതിരിക്കാൻ എല്ലാവർക്കും ഓരോ കാവൽ ദൈവങ്ങൾ ആവശ്യമായി വന്നു. അങ്ങിനെയാണ് കേരളത്തിലെ ഓരോ വീട്ടു വളപ്പിലും കുട്ടിച്ചാത്തന്മാരും നാഗദൈവങ്ങളും പിറന്നത്. ഒരു തരത്തിൽ ചിന്തിച്ചാൽ സർപ്പക്കാവുകൾ ഇപ്പോഴും പ്രകൃതിയുടെ കാവലാളുകൾ തന്നെയാണ്.
 ആയിരക്കണക്കിനു സ്വകാര്യ കാവുകൾ ഉണ്ടെങ്കിലും കൊല്ലത്തിലൊരിക്കൽ വെള്ളിരി ഇടുന്ന ചടങ്ങു മാത്രമാണ് ഈ കാവുകളിൽ നടത്തുന്ന പൂജ. കേരളത്തിലെ നാഗങ്ങളുടെ പേരിലുള്ള പൊതു കാവുകളിൽ ഏറ്റവും പ്രശസ്തമായത് മണ്ണാറശാലയാണ്. പാമ്പുമേയ്ക്കാടു മന പാതിരിക്കുന്നത്തുമന ,കാവിൽപ്പാടു നാഗയക്ഷി ക്ഷേത്രം പാമ്പാടി പാമ്പിൻ കാവ് തുടങ്ങിയ ആരാധനാലയങ്ങളിലെ മുഖ്യപ്രതിഷ്ഠ സർപ്പങ്ങളാണ്. സർപ്പങ്ങളെ പാടി പുകഴ്ത്തുന്ന പുള്ളുവർ എന്ന സമുദായം തന്നെ കേരളത്തിൽ ഉണ്ടെങ്കിലും ഈ കാവുകളൊന്നും ഇവരുടെ നിയന്ത്രണത്തിലല്ല. കരിങ്കല്ലിനെ ഊതി ഊതി നാഗങ്ങൾ നാഗമാണിക്യ കല്ലുകൾ നിർമ്മിക്കുമെന്നും അത് ശിരസ്സിൽ ചൂടി നിശയുടെ നേരത്തു ആകാശ സഞ്ചാരം നടത്തുമെന്നും ഉള്ള കഥകൾ ഗതകാലത്തു നാട്ടിൻപുറങ്ങളിലെ വിശ്വാസ ങ്ങളായിരുന്നു. കടിച്ച പാമ്പിനെ തിരിച്ചു കടിച്ചാൽ വിഷമിറങ്ങുമെന്ന വിശ്വാസവും നാട്ടിൻപുറങ്ങളിൽ നിലനിന്നിരുന്നു. ഒറ്റപ്പാലത്തിനടുത്തുള്ള പാതിരിക്കുന്നത്തുമന പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു നമ്പൂതിരി ഇല്ലമാണ്. മനയുടെ വടക്കുപടിഞ്ഞാറെ മൂലയിലുള്ള ഒരു മുറിയിലാണ് മുഖ്യ പ്രതിഷ്ഠ. മരക്കൂട്ടങ്ങൾ തണൽ വിരിക്കുന്ന മനയുടെ വളപ്പിൽ നൂറുക്കണക്കിന്നു നാഗഫണങ്ങൾ വേറെയും കാണാം. ഈ നാഗഫണങ്ങൾ നാഗരാജാക്കന്മാരായും നാഗയക്ഷിയാരായും പല വീട്ടുവളപ്പുകളിലും ആരാധിക്കപ്പെട്ടിരുന്നവരാണ്. തറവാടുകൾ വീതം വെപ്പു നടത്തിയപ്പോൾ ബാധ്യതയായി മാറിയ പലരും ഈ സർപ്പദൈവങ്ങളെ ആവാഹിച്ചു മനയിൽ കൊണ്ടു വെച്ചതാണ്. വിശ്വാസത്തിന്റെ പേരിൽ മനയിലെത്തുന്നവർക്കു വൃത്തിയുള്ള ശൗചാലയം അടക്കം ഉള്ള എല്ലാ സൗകര്യവും ഉണ്ട് എന്നത് ഏറെ പ്രശംസനീയമാണ്. വൃശ്ചിക മാസത്തിൽ എല്ലാ ദിവസവും സൗജന്യ ഉച്ചഭക്ഷണവും ഇവിടെ ഒരുക്കിയിട്ടുണ്ട് -

Friday, 2 August 2024

festivals and Trade

ഉത്സവങ്ങളും വാണിഭങ്ങളും....
അങ്ങാടികൾ സജീവമാകുന്ന കാലത്തിനു മുമ്പ് ഉത്സവങ്ങളെന്നാൽ അത് ചന്തകൾ കൂടിയായിരുന്നു. പെൺ കുട്ടികൾ കൈകളിലണിഞ്ഞു ചന്തം നോക്കിയിരുന്ന കുപ്പിവളകൾ മുതൽ ഗൃഹോപകരണങ്ങൾ വരെ കിട്ടണമെങ്കിൽ അന്നത്തെ കാലത്ത് ഏക ആശ്രയം ഉത്സവ പറമ്പുകൾ തന്നെ ആയിരുന്നു.. ആഴ്ചകളും മാസങ്ങളും നീണ്ടു നിൽക്കുന്ന ഉത്സവചന്തകൾ ഇപ്പോഴും ചില ഭാഗങ്ങളിൽ നടന്നുവരുന്നു..
  കൊടുങ്ങല്ലൂരിൽ പിച്ചള ഓട് ചെമ്പു തുടങ്ങിയ ലോഹ നിർമ്മിത വസ്തുക്കൾക്കായിരുന്നു പ്രാമുഖ്യമെങ്കിൽ തിരുവില്വാമല കൽച്ചട്ടികളുടെ പ്രധാന വില്പനച്ചന്തയായിരുന്നു. തിരുവില്വാമലയിൽ പതിറ്റാണ്ടുകൾക്കു മുമ്പുതന്നെ ചന്തക്കച്ചവടം നിലച്ചുപോയി. നഗരങ്ങളിലെന്ന പോലെ ഗ്രാമങ്ങളിലും അങ്ങാടികൾ നിറഞ്ഞതോടെ ഉത്സവ പ്പറമ്പിലെ കച്ചവടങ്ങൾ ഓരോന്നായി വിട പറയുകയാണ്: വള്ളുവനാടൻ ഉത്സവവേദികളിൽ ഇന്നും കാണാനാവുന്ന ഒന്നാണ് മീൻ കച്ചവടം....
കറൻസികൾ ഇല്ലാതിരുന്ന കാലത്ത് നടപ്പിലുണ്ടായിരുന്ന ബാർട്ടാർ സംവിധാനത്തെ ഓർമപ്പെടുത്തുന്ന കച്ചവടം തൃത്താല ഭാഗത്തെ ഉത്സവവേദികളിൽ ഇന്നും മറവിക്കു വിരുന്നാകാതെ നിലകൊള്ളുന്നു.. നെല്ലിനും പകരം മീൻ എന്ന തത്വത്തിൽ അല്പം മാറ്റം വന്നിരിക്കുന്നു എന്നു മാത്രം.. പതിരു കച്ചവടം എന്നറിയപ്പെടുന്ന ഇത് ഉത്സവ ദിവസം രാവിലെ യാ ണ് നടക്കുക.... എന്നാൽ പതിരു കച്ചവട മല്ലാത്ത മീൻ കച്ചവടം
 പ്രസിദ്ധ ക്ഷേത്രോത്സവമായ ചിനക്കത്തൂർ പൂരത്തിനും പതിവാണ്. ഗതകാലത്ത് ഉത്സവദിവസം രാവിലെ ചിനക്കത്തൂരിൽ മത്തങ്ങയും കുമ്പളനും വണ്ടി ക്കണക്കിനു വില്പന നടത്തിയിരുന്നു. പച്ചക്കറി കടകൾ വ്യാപകമായതോടെ അത് എന്നെന്നേക്കു മാ യി വിടയോ തി അകന്നു പോയി. ചിനക്കത്തൂരിലെ മീൻ കച്ചവടം ഉത്സവപ്പിറ്റേന്നാണ് നടക്കുക. ഉത്സവം കണ്ടു മടങ്ങുന്നവരിൽ ചിലർ മീൻ വാങ്ങിയാണ് പോവുക. പച്ചമീനുകളോടൊപ്പം ഉണക്ക മത്സ്യവും ഇവിടെ വിൽക്കപ്പെടുന്നു.. പൂരം കാണാൻ വിരുന്നെത്തിയ ബന്ധുക്കളെ വെറും കൈയ്യോടെ തിരിച്ചയക്കരുതെന്ന ആചാരം ഇന്നും പാലിക്കപ്പെട്ടുന്നു: പലരും ഹൽവയും പൊരിയും ഈത്തപഴവുമാണ് ബന്ധുക്കൾക്കു സമ്മാനിക്കുന്നതെങ്കിൽ ചിലർക്കിന്നും പഥ്യം ഉണക്കമീൻ തന്നെയാണ്.
 കുറച്ചു വർഷം മുമ്പുവരെ നിരവധി ഉണക്ക മത്സ്യ സ്റ്റാളുകൾ ചിനക്കത്തൂരിൽ ഉണ്ടായിരുന്നു ... ഇന്നത് ഒന്നായി ചുരുങ്ങിയിരിക്കുന്നു. പാലപ്പുറം സ്വദേശിയായ അത്തമാനകത്ത് മൂസ്സക്ക
എല്ലാ വർഷവും പതിവു തെറ്റാതെ ചിനക്കത്തൂരിൽ ഉണക്ക മത്സ്യവുമായി എത്താറുണ്ട്.'' പാലപ്പുറത്തെ പഴക്കം ചെന്ന ഉണറക്കമീൻ കച്ചവടക്കാരൻ കൂടിയാണ് മൂസ്സക്ക
Photo : Athamanakathu Moosa
oldest dry fish Seller of my village