Monday, 5 August 2024

തോൽപ്പാവകൂത്തും കൂത്തശ്ശൻ വീടും,

കൂത്തും കൂത്തശ്ശനും...
ഗതകാലത്ത് തോൽപ്പാവകൂത്തു നടത്താൻ മുണ്ടൂർ പാലക്കീഴ് കാവിൽ പോയാൽ അന്നന്നത്തെ ഭക്ഷണത്തിനുള്ള നെല്ലും പച്ചക്കറികളും അതാതു ദേശത്തു പോയി വാങ്ങിക്കുകയായിരുന്നു പതിവ്. അതുകൊണ്ടുവന്നു കുളങ്ങര വീട്ടിൽ കൊടുത്താൽ അവരാണ് കൂത്തുകാർക്കുള്ള ഭക്ഷണം പാകം ചെയ്തു തരിക. ഭക്ഷണത്തിനു വക തെരഞ്ഞു ആനപ്പാറയിലേക്കും, വാളേക്കാട്ടിലേക്കും, പൊരിയാനിയിലേക്കും പോകുന്ന വേളയിൽ കൂത്തുകാരെ കണ്ടാൽ അവിടത്തെ ഗ്രാമീണർക്കു അതിശയമായിരുന്നു. "ഇതാണ്ടേ, കൂത്തന്മാരു വന്നിരിക്കണു " എന്നു തമ്മിൽ തമ്മിൽ പറയുന്ന തോടൊപ്പം " എപ്പ് ഴാണ് കൂത്ത്, ഇന്നു ഞങ്ങണ്ട കൂത്താ" എന്നു വിനയത്തോടെ കൂത്തുകാരോടു ചോദിക്കുമായിരുന്നു മുണ്ടൂരിലെ നന്മയുടെ ഗ്രാമ മനസ്സുകൾ.. ഒരു കാലത്തു ദാരിദ്രത്തിന്റെ കെടുതിയിലായിരുന്ന മുണ്ടൂരും മാറിയിരിക്കുന്നു. എന്നാൽ പാലക്കാടൻ നന്മക്കു ഊനം തട്ടാത്ത ഗ്രാമീണരുടെ ഊരു തന്നെയാണ് ഇപ്പോഴും മുണ്ടൂർ. മുണ്ടൂരിൽ നിന്നു വ്യത്യസ്ഥമാണ് കൂത്തിന്റെ ഊരായ കുത്തനൂരിലെ രീതി. പ്രായം ചെന്നവരെ "എട്ടേ " എന്നും " അച്ചോ " എന്നും അഭിസംബോധന ചെയ്യുന്ന പാലക്കാടൻ മൊഴി മാധുര്യം തങ്ങി നിൽക്കുന്ന ദേശങ്ങളിൽ കുത്തനൂരും ഉൾപ്പെടും.. ഇവിടെ കൂത്തുകാരെല്ലാം "കൂത്തച്ചൻ "മാരായിരുന്നു..
ഏറെ ബഹുമാനത്തോടെ കൂത്തുകാരെ അച്ചന്മാരായി അഭിസംബോധന ചെയ്തിരുന്ന കുത്തനൂർ പടിഞ്ഞാറെത്തറയിൽ ഒരു വീടിന്റെ പേരു തന്നെ "കൂത്തശ്ശൻ വീട് " എന്നാണ്.
പ്രശസ്ത കൂത്തു കലാകാരനായിരുന്ന ശങ്കുണ്ണി പുലവരുടെ വീട് . ഇദ്ദേഹത്തിന്റെ മക്കളായ ഗംഗാധര പുലവരും പ്രഭാകര പുലവരും അഗാധ പാണ്ഡിത്യമുള്ള കൂത്തു കലാകാരന്മാരായിരുന്നു. ഈ വീടിന്റെ തൊട്ടടുത്താണ് തലച്ചെൽവൻ ക്ഷേത്രം. തരൂരിൽ നിന്നു പാലക്കാട്ടേക്കുള്ള പഴയ സഞ്ചാര പാതയിലുള്ള ഈ ക്ഷേത്രത്തിനു തരൂർ സ്വരൂപക്കാരായ പാലക്കാട് രാജാക്കന്മാർ സന്താനഭാഗ്യത്തിനായി ഭൂമി ചാർത്തി കൊടുത്തിരുന്നു. ഇതേ പാലക്കാട് അരചന്മാർ തന്നെയാണ് തോൽപ്പാവകൂത്തിനെ പരിപോഷിപ്പിച്ചവരും.. ഇന്നും ഞങ്ങൾ ശേഖരിവർമ്മ രാജാക്കന്മാരെ വാഴ്ത്തി പറയാറുണ്ട്.
ചിത്രം . കുത്തനൂർ കൂത്തശ്ശൻ വീട് ...
നിൽക്കുന്നത് പ്രഭാകരപുലവരുടെ സഹോദരി....

No comments:

Post a Comment