Wednesday, 31 July 2024

കുംഭകാരന്മാർ

കുംഭകാരന്മാർ .......
ദൈവങ്ങളുടെ ദൈവമായ മഹാവിഷ്ണു ഒരു നാൾ യാഗത്തിനൊരുങ്ങി. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി പക്ഷെ ഒരു കുറവു മാത്രം. കലശത്തിനു മൺപാനിയില്ല. അതിനൊരു മാർഗ്ഗം തെരഞ്ഞ നാരായണൻ കുംഭകാരന്മാരെ സൃഷ്ടിച്ചു.. അവർ മൺപാനികൾ നിർമ്മിച്ചു നാരായണന്റെ യാഗത്തെ കാത്തു. ചന്ദ്രഗുപ്ത മൗര്യൻ രണ്ടാമനെ തോൽപ്പിച്ച ശാലി വാഹന വംശജർ ഈ കുലത്തിൽ പെട്ടവരായിരുന്നു എന്നും പറയുന്നു. ആണ്ടുകൾ പല നൂറുകൾക്കു മുൻപ് തെലുങ്കുദേശത്തു നിന്നു മലയാളക്കരയിലെത്തിയവരാണ് കേരളത്തിലെ ഭൂരിപക്ഷം കുംഭാര സമുദായക്കാരും. മൺകലങ്ങൾ നിർമ്മിച്ചു ജീവിതം ഉന്തി നീക്കിയിരുന്ന ഈ സമുദായക്കാർ രണ്ടു മൂന്നു ദശാബ്ദം മുൻപുവരെ മറ്റൊരു തൊഴിലും സ്വീകരിച്ചിരുന്നില്ല. ദാരിദ്ര്യത്തിൽ മുങ്ങി കിടന്ന നാളിലും സ്വന്തം ആത്മാഭിമാനം പണയം വെക്കാത്തവരായിരുന്നു ഈ സമുദായക്കാർ. മൂന്നു ദശാബ്ദങ്ങൾക്കു മുൻപുവരെ കല്യാണം വന്നാലും മാരിയമ്മ പൂജ വന്നാലും ആണും പെണ്ണും കൂടി ഒപ്പം കള്ളുഷാപ്പിൽ കയറി കള്ളുകുടിച്ചിരുന്നു , നാടൻ ചാരായവും ഇവർക്കു പഥ്യമായിരുന്നു ,എന്നാൽ ഒരൊറ്റ മുസ്ലിം സമുദായക്കാരുടെ കടയിൽ നിന്നു ചായ കുടിക്കുക പതിവില്ലായിരുന്നു. മുസ്ലിം വീടുകളിൽ നിന്നോ, സാമുദായികമായി താഴ്ത്തപ്പെട്ടവരായി കരുതിയവരുടെ വീടുകളിൽ നിന്നോ ദാഹജലം വാങ്ങി കുടിക്കുക പോലും ചെയ്യാറില്ലായിരുന്നു. ഇതാണ് കുംഭകാരന്മാർ . വൈഷ്ണ ബന്ധത്തിൽ നിന്നു പിറന്ന കുംഭകാരന്മാർക്കു തിരുവില്വാദ്രിയിലെ രാമ ക്ഷേത്രത്തിന്റെ പിറവിക്കു പിന്നിലും ബന്ധമുണ്ട് .. മാത്രമല്ല ചിനക്കത്തൂരിലെ മേലെക്കാവിന്റെ പിറവിയുടെ ചരിത്രം തെരഞ്ഞാലും ചെന്നെത്തി ചേരുന്നത് കുംഭ കാരന്മാരിലേക്കാണ്. ഗതകാലത്ത് വിവാഹം വീടുകളിൽ വെച്ചു നടത്തിയിരുന്ന കാലത്ത് പാലപ്പുറം മുതലിയാർ സമുദായക്കാരുടെ വീട്ടിൽ ഒരുക്കുന്ന വിവാഹ പന്തലിന്റെ ആദ്യത്തെ കാൽ (മൂഹൂർത്ത കാൽ) നാട്ടു കർമ്മം നടത്താനും അതു പൂജിക്കാനും ഉള്ള അധികാരം ഇവർക്കായിരുന്നു

No comments:

Post a Comment