Wednesday, 31 July 2024

നായാടികൾ

നായാടികൾ......
ചൂലനൂർ ചാമി....
പൂരക്കാലത്തിന്റെ പിറവിയോടെ നിളയോര ഗ്രാമങ്ങളെ പാടിയുണർത്തുന്ന പാട്ടുകാരാണ് നായാടികൾ.. ഭിക്ഷാടനം കുലത്തൊഴിലാക്കിയ നായാടി എന്ന പ്രത്യേക സമുദായം തെക്കേ ഇന്ത്യയിൽ ഉണ്ടെങ്കിലും മുളങ്കോലിൽ താളം തല്ലി പാട്ടിന്റെ മധുരം മൊഴിയുന്ന നായാടികൾ ഈ സമുദായക്കാരല്ല. "ആരിൻ്റെ ആരിൻ്റെ ശങ്കരനായാടി, ചെനക്കത്തൂർ നല്ലമ്മടെ ശങ്കരനായാടി " എന്ന പഴം പാട്ടുമായി ഉത്സവക്കാലത്തു വീടുകൾ തേടിയെത്തുന്ന നായാടികളിൽ ചിലർ അപൂർവ്വസിദ്ധിയുള്ള കലാകാരന്മാർ കൂടിയാണ്.
   നാട്ടുപാട്ടിൻ്റെ ചന്തം ചോരാതെ തന്നെ പല പല പാട്ടുകൾ പാടി കേൾവിക്കാരെ അത്ഭുതപ്പെടുത്തുന്ന ഒരു കലാകാരൻ പാലപ്പുറത്തുണ്ടായിരുന്നു. ഏവർക്കും സുപരിചിതനായ കല്ലു'. കല്ലുവിന്റെ മകൻ രാമൻകുട്ടിയും പാട്ടിൽ മിടുക്കൻ തന്നെ... ഇവരെ കൂടാതെ പുഴ കടന്നും ചിനക്കത്തൂരിനെ തേടിയെത്തുന്ന ചിലരുണ്ട്. തിരുവില്വാമലയിലെ സീത, പാമ്പാടി തങ്കമാളു, ചൂലന്നൂർ ചാമി എന്നിവർ അവരിൽ ചിലരാണ്. ഇതിൽ പാട്ടിന്റെ വിഷയ വൈവിധ്യം കൊണ്ടു ഏറ്റവും ഉയർന്നു നിന്നിരുന്നത് എഴുപതും താണ്ടിയ ചൂലനൂർ ചാമിയായിരുന്നു. ചാമി ഇന്നു ജീവിച്ചിരിപ്പില്ല. ദാരിദ്ര്യത്തിന്റെ കെടുതി മുഴുവൻ അനുഭവിച്ചിരുന്ന ചാമി ഒരു കന്നുകാലി ഫാമിലെ വാച്ച്മാൻ ആയിരുന്നു. ഫാമിലെ കന്നുകളിൽ ചിലത് തീവണ്ടി തട്ടി മരിച്ചതിൽ മനം നൊന്തു മാസങ്ങൾക്കു മുൻപ് ചാമി ആത്മഹത്യ ചെയ്യുകയാണുണ്ടായത് .
അസാധാരണ കഴിവുണ്ടായിരുന്ന ചാമിക്കു പകരം വെക്കാൻ മറ്റൊരാളില്ല എന്നതാണ് സത്യം

No comments:

Post a Comment